Saturday, November 22, 2014

മൂന്ന് നാഴികയപ്പുറം



"എനിക്കെന്തോ നഷ്ടമായിരിക്കുന്നു." 
"എന്ത്?"
"എനിക്കെന്തോ നഷ്ടമായിരിക്കുന്നു."
ആ തുറന്നിട്ട ജനാലയിലൂടെ അലക്ഷ്യമായി നോക്കികൊണ്ട്‌ അവന്‍ വീണ്ടും പറഞ്ഞു
"എനിക്കെന്തോ നഷ്ടമായിരിക്കുന്നു."
"എന്താണ് നീ പറഞ്ഞു വരുന്നത്?" ഈ ഇടെയായി അവന്‍ ഇങ്ങനെയാണ്. എന്തെന്നില്ലാതെ ആകെ ഭയപ്പെടുന്ന രീതിയിലാണ് സംസാരം. എപ്പോഴെങ്കിലും വാ തുറക്കും. ഒരു ബന്തവുമില്ലാതെ എന്തെങ്കിലും പറയും. അവനു നഷ്ട്ടപ്പെട്ടതിനെ കുറിച്ച് ഞാന്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ നിന്നില്ല കാരണമായി അവന്‍ പറയുന്നതെന്തോ അതെന്നെ കൂടുതല്‍ ചിന്തകള്‍ കൊണ്ട് കൊഞ്ഞനം കാണിക്കും എന്നൊരു ഭയം തന്നെ. ജനാലയിലൂടെ അടിച്ച ഒരു ഇളം കാറ്റിനോട് ഇഷ്ട്ടം തോന്നിയ വണ്ണം അവനൊന്ന് പുഞ്ചിരിതൂകി കാറ്റുപോലും അറിയാതെ. ഏറെ നേരമായി അവന്റെ മുഖത്തുണ്ടായിരുന്ന ഒരു ഭാവം മാറിയതുകൊണ്ട് അതൊരു ചിരിയായിരിക്കും എന്ന് ഞാന്‍ നിര്‍വചിച്ചതുമായിരിക്കാം.
"എനിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട് എനിക്ക് ലഭിച്ചതിനുള്ള മറുപടി നല്‍കാന്‍. എന്നാല്‍ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള കാരണമാകുന്നുണ്ട് എന്റെ മൌനം." അവന്‍ പറഞ്ഞു തുടങ്ങി.
"നീ എന്താണ് പറയാന്‍ ഉദേശിക്കുന്നത്?" അക്ഷമനായി ഒരല്‍പം ദേശ്യത്തോടെ തന്നെ ഞാന്‍ ചോദിച്ചു.
"എനിക്കെന്‍റെ ഓര്‍മ്മകല്‍ നഷ്ടമായിരിക്കുന്നു" അപ്പോള്‍ മൂകത ആ മുഖത്തു തളം കെട്ടിയത് എനിക്ക് വായിചെടുക്കാമായിരുന്നു.
"എന്താണ് നിന്‍റെ പ്രശ്നം?" ഒരല്‍പം ശാന്തമായി ഞാന്‍ ചോദിച്ചു.
"ഞാന്‍ ഒരു കഥ പറയാം, നിനക്ക് കേള്‍ക്കാന്‍ സമയവും ആഗ്രഹവും ഉണ്ടെങ്കില്‍." എന്‍റെ ക്ഷമയെ പരീക്ഷിക്കാനാണോ അവന്‍ തുനിയുന്നത് എന്ന് ആ നിമിഷം എനിക്ക് തോന്നി. എങ്കിലും മറുപടിയെന്നോണം ഞാന്‍ തലയാട്ടി.
"ഞാന്‍ ഈ കഥ നിന്നോട് പറയുന്നതിന് ഉള്ള കാരണം ഇതാണ് എന്നിലെ അവസാന ഓര്‍മ്മയാണ് ഈ കഥ. ഇത് ആരാണ് എനിക്ക് പറഞ്ഞുതന്നത് എന്ന് പോലും ഞാനിപ്പോള്‍ മറന്നിരിക്കുന്നു. എങ്കിലും ആ കഥ ഞാന്‍ മറന്നു തുടങ്ങും മുന്‍പ് ആരോടെങ്കിലും പറയണം എന്ന് തോന്നുന്നു."
"അങ്ങനെ എങ്കില്‍പ്പിന്നെ നിനക്കൊരു നല്ല ഡോക്ടറെ കണ്ട് ചികിത്സ തേടിയാല്‍ എന്ത്" മറവിയെക്കുറിച്ചുള്ള അവന്‍റെ വ്യാകുലതയില്‍ അവനെ സമാദാനിപ്പിക്കാന്‍ വണ്ണമാണ് ഞാന്‍ അത് പറഞ്ഞത്. ആ നിമിഷം അവന്‍റെ കവിളുകള്‍ മേല്‍പോട്ടു പൊങ്ങി ചുണ്ടുകള്‍ക്ക് വികാസം പ്രാപിച്ചു പല്ലുകള്‍ കാണാത്ത രീതിയില്‍ അവന്‍ ഒന്ന് പുഞ്ചിരിച്ചു.
"എനിക്ക് തോന്നുന്നില്ല ആ ദിനമദ്ധ്യം അപര്യാപ്‌തമായ എന്‍റെ ഉള്ളിലെ ഒരു ഉന്മാദ ലോകം അറിവോ പരിചയമോ ഇല്ലാത്ത ഒരാളുമായി പങ്കുവെക്കാം കഴിയുമെന്ന്." അവന്‍റെ മറുപടികള്‍ എന്‍റെ ചിന്തകളെ കാര്‍ന്നുതിന്നുന്ന ഒന്ന് തന്നെയായിരുന്നുവെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു. 
"എന്നോട് നീ ഇതെല്ലാം പറയുന്നതിന് പിന്നില്‍ അപ്പോള്‍ എന്തോ ഉണ്ട്?" എന്‍റെ ചോദ്യങ്ങള്‍ യാഥാര്‍ത്ഥ്യലോകത്തില്‍നിന്നു ഒരു ഉന്മാദിയുടെ ലോകം കാണാന്‍ ശ്രമിക്കുന്നതായി അപ്പോള്‍ എനിക്കനുഭവപ്പെട്ടു.
"ശരീരചലനം കൊണ്ട് മനുഷ്യനിര്‍മ്മിതമായ ബലിയാട്‌ വികാരവിക്ഷോഭം കൊണ്ട് ഉത്തേജിക്കപ്പെട്ട ഒന്നാണെന്ന് സങ്കല്‍പ്പിക്കുക. കഥ ഇങ്ങനെ തുടങ്ങുന്നു." അവന്‍ തീര്‍ത്തും ഒരു ഉന്മാദലോകം അവനുള്ളില്‍ സൃഷ്ട്ടിച്ചുകഴിഞ്ഞിരിക്കുന്നു എന്നെനിക്ക് തോന്നി.
"നീയിപ്പോള്‍ എന്താണ് സംസാരിക്കുന്നത് എന്ന് നിനക്കറിയുന്നുണ്ടോ?" ഈ ചോദ്യത്തിന് അവന്‍ അലസമായി പുലംബുകയല്ല എന്ന് നിരൂപിക്കാന്‍ വണ്ണം മറുപടി തന്നു.
"നീ എനിക്ക് ഭ്രാന്താണെന്ന് പറയാതെ പറഞ്ഞു." ഒരിക്കല്‍ കൂടി ആ മുഖം പുഞ്ചിരിച്ചു.
"അല്ല" ഒരല്‍പം കുറ്റബോധത്താല്‍ ഞാന്‍ പറഞ്ഞു. 
"എന്ന് മുതലാണ്‌ മനുഷ്യന്‍ ഹൃദയശൂന്യനായത്?" അവന്‍ രൂപകല്‍പ്പന ചെയ്ത മിഥ്യയുടെ ഒരു ലോകത്തേക്ക് ആ നിമിഷം മുതല്‍ അവന്‍ എന്നെ ക്ഷണിക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു. മറുപടി ഇല്ലാത്തവണ്ണം ഞാന്‍ അവന്‍റെ മുഖത്തു തന്നെ നോക്കിയിരുന്നു. 
"ഒരോ മനുഷ്യനും കുഞ്ഞായി ജനിച്ചു വീണത്‌ മുതല്‍ അവനില്‍ ഹൃദയതുടിപ്പുണ്ട്, എന്നാല്‍ അന്നുമുതല്‍ അവന്‍ ഹൃദയശൂന്യനല്ല, അവനില്‍ ഞാന്‍ എന്ന ചിന്ത ഉണര്‍ന്ന കാലം തൊട്ടു അവന്‍ ഹൃദയശൂന്യനാണ്." ഒരു പുത്തന്‍ ആശയം ഉള്‍കൊണ്ട പോലെ ഞാന്‍ തലയാട്ടിക്കൊണ്ട് ചോദിച്ചു.
"അതെല്ലാം നില്‍കട്ടെ, എന്താണ് നിനക്ക് നഷ്ടപ്പെട്ട ഓര്‍മ്മകള്‍?" അവന്‍റെ സംസാരത്തില്‍ രസം പിടിച്ച പോലെയുള്ള എന്‍റെ ചോദ്യം അവനില്‍ ആവേശം ജനിപ്പിക്കും എന്ന എന്‍റെ മുന്‍വിധികള്‍ തെറ്റുന്നതായിരുന്നു അവന്റെ മറുപടി.
"നമ്മള്‍ ഒരു പാട് തെറ്റുകള്‍ക്കുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നുണ്ട് ഈ കൊച്ചു ജീവിതത്തില്‍നിന്ന്. ആ തെറ്റുകള്‍ കാരണമാണ് ജീവിതം തകരുന്നത് എന്നിരിക്കെ." അവന്‍റെ കണ്ണുകളില്‍ ഭയം കുടിയേറുന്നത് ഞാന്‍ കണ്ടു. അലപനേരം അവന്‍റെ മനസ്സ് ലക്ഷ്യം മറന്നുപോയ പറവയെ പോലെ നിന്നുകാണണം.
"ഞാന്‍ വിളിച്ചാല്‍ എനിക്കൊപ്പം വരാമെന്ന് അവള്‍ പറഞ്ഞിരുന്നുവല്ലോ, എന്നെ പൂര്‍ണ്ണമായും അറിയാത്ത ഒരു കാലത്ത്." അവന്‍റെ സംസാരത്തിലേക്ക്‌ മുഴുവനായും ഞാന്‍ ഇഴുകിചേര്‍ന്നിരുന്നു അപ്പോള്‍‍. 

കോളേജിലെ ആദ്യദിനം തന്നെ ഞാന്‍ അവളെ കണ്ടിരുന്നു. സംസാരിച്ചിരുന്നില്ല. എന്‍റെ ഓര്‍മ്മ ശെരിയായ രീതിയിലാണെങ്കില്‍ അവളോട്‌ ഞാന്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതെന്നില്‍ പ്രണയം മോട്ടിട്ടതിനു ശേഷം തന്നെയാണ്. പക്ഷെ അപ്പോഴും എന്റെ പ്രണയത്തെക്കുറിച്ച് അറിവുള്ള അവള്‍ എന്നോട് ആ ഒരു രീതിയില്‍ സംസാരിച്ചിട്ടില്ല. അതവള്‍ മനപ്പൂര്‍വ്വം ചെയ്തതായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. ഓര്‍മ്മകള്‍ ചങ്ങലക്കിട്ട്‌ കുറച്ചു നേരം അവന്‍ നിശ്ചലനായിരുന്നു. 
  അതുവഴി പാറിപ്പോയ ഒരു ചെറിയ മിന്നാമിനുങ്ങിന്‍റെ വെളിച്ചം അവനപ്പോള്‍ ഒരു വലിയ ആശ്വാസം പകര്‍ന്നിരിക്കണം. തല ഒരല്‍പം പൊക്കി എന്‍റെ കണ്ണുകളിലേക്കു നോക്കി അവന്‍ തുടര്‍ന്നു.  
"അവളില്‍ എന്‍റെ പ്രണയം വിജയം വരിക്കും വരെയുള്ള പ്രവര്‍ത്തികള്‍ സുഖകരമായ ആനന്ദം പൂര്‍ണമായും അവള്‍ക്ക് നല്‍ക്കുന്നവയാണ്. എങ്കിലും അവള്‍ അപരിചിതനോടെന്ന പോലെ പെരുമാറുകയുള്ളൂ. അങ്ങനെ സംഭവിക്കുമ്പോഴെല്ലാം അവള്‍ മോശമായി തന്നെ പെരുമാറുകയും ചെയ്യും. ആ മിനിഷങ്ങളില്‍ ഞാന്‍ നഷ്ടപെടുത്തിയ ഈ അവസരങ്ങള്‍ക്ക് പകരമായി ഒരുനാള്‍ അവള്‍ എനില്‍ അപ്രതീക്ഷിതമായി വന്നുചേരുക തന്നെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. എന്‍റെ ഈ ഭ്രാന്ത് എല്ലായ്പ്പോഴും വിശ്വസിക്കുന്നത് ഹൃദയഹാരിയായി സമീപിക്കുന്നതിനെയാണ്." അവളില്‍ ഞാന്‍ എന്ന അഹന്ത ഇല്ലായിരിക്കെ അവള്‍ ഹൃദയശൂന്യത കൊണ്ട് നടക്കുന്നു എന്ന് എനിക്ക് പറയാന്‍ തോന്നി. ഞാന്‍ പെട്ടെന്നുള്ള അവന്‍റെ തുറന്നു പറച്ചിലില്‍ ഒരല്‍പം കൂടി പകച്ചുപോയിരുന്നു. 

"നീ പറഞ്ഞു വരുന്നത്..." എന്ന് മാത്രം ചോദിച്ചു. ഞാന്‍ ഇപ്പോള്‍ ഇവിടെ ഉണ്ടെന്നു തന്നെ അവന്‍ മറന്നിരിക്കുന്നു. ഒറ്റക്കിരുന്നു പുലമ്പുന്ന പോലെയാണ് അവന്‍റെ പെരുമാറ്റവും, സംസാരവും.

"പണ്ടൊരിക്കല്‍ അവള്‍ ഏദന്‍തോട്ടത്തില്‍ ജീവിതത്തില്‍ ആനന്തം കണ്ടിരുന്നു പടിപടിയായി ആ യാത്ര നരഗത്തില്‍ എത്തി പരിണമിചിരിക്കുന്നു." അതിന് ഞാന്‍ ഒന്നും തിരിച്ചു പറഞ്ഞില്ല. അവനോടിനി എന്ത് പറയണം എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു അപ്പോള്‍.

കോളേജില്‍നിന്ന് എന്തെല്ലാം പഠിച്ചു. നല്ല സൗഹൃദങ്ങള്‍ ഒന്നും തിരിച്ചു പ്രതീക്ഷിക്കുന്നില്ല വിശ്വാസം ഒഴികെ. എന്നാല്‍ ദിനവും എത്ര വിശ്വാസങ്ങള്‍ തകരുന്നത് നാം കണ്ടു. ഒരുമിച്ചുള്ള നടത്തം, സംഭാഷണം, പരസ്പരം കളിയാക്കല്‍. ആ നിമിഷം ആരുംതന്നെ ഒരു ദയയും കാണിക്കില്ല ഏതിരാളിയെ പോലെ അവനിലെ ദുര്‍ബ്ബലത മുതലെടുക്കും. ചിലപ്പോള്‍ അതൊരു ചെറിയ വഴക്കിലെത്തും. അല്‍പനേരം കഴിഞ്ഞാല്‍പ്പിന്നെ വീണ്ടും ഒന്നിച്ചുള്ള ഭക്ഷണം. ഉറക്കം അങ്ങനെ അങ്ങനെ. പ്രണയത്തില്‍ നിന്നും പൊടുന്നനെയുള്ള ഈ വ്യതിചലനം ഞാന്‍ ഈ നിമിഷം മുതല്‍ ഈ ലോകത്തിന് പുറത്തു കടന്നിരിക്കുന്നു എന്ന് ആശിച്ചുപോയി. എന്നാല്‍ എന്‍റെ പ്രണയമൊഴികെ മറ്റെല്ലാം ഞാന്‍ ഇപ്പോള്‍ നിസ്സാര വല്‍കരിക്കുന്നു. എനിക്ക് അവളെയല്ലാതെ ഈ നിമിഷവും ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ കഴിയുന്നില്ല. എന്‍റെ ചിന്തകള്‍ ക്ഷയിചിരിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളില്‍ എനിക്കൊപ്പം പുലരുവോളം സംവാദിച്ചിരുന്ന ഒരു പ്രിയ മിത്രത്തെയും എനിക്കിപ്പോള്‍ ഓര്‍മ്മയില്ല. കഷ്ട്ടം! ഞാന്‍... എനിക്ക് എന്താണ് സംഭവിച്ചത്.  

"എന്‍റെ മനോനിലയെ താറുമാറാക്കുന്ന ഒന്നാണ് നിലവില്‍ ഞാനീ ലോകത്തിന് പുറത്താണ് എന്ന എന്‍റെ ചിന്ത." കുറേ നേരത്തിന് ശേഷമാണ് അവന്‍ വീണ്ടും സംസാരിച്ചത്. അവന്‍ ഓര്‍മ്മകളില്‍ നിന്നുമുള്ള മനോഹാരിതകളെ നഷ്ട്ടപ്പെടാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് എനിക്ക് തോന്നി.

എന്നാല്‍ കോളേജ് അവസാനിച്ചപ്പോള്‍ ഒരിക്കല്‍ അവളെന്നെ വിളിച്ചു. അതെനിക്കൊരു പുതു ജീവന്‍ ആയിരുന്നു. എന്‍റെ ദിനങ്ങള്‍ മനോഹരവും വര്‍ണ്ണാഭവുമായി മാറുകയായിരുന്നു. എന്‍റെ പൂര്‍ണ്ണമാകാത്ത നഷ്ട്ടങ്ങള്‍ അത് നികത്തും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. കുറച്ചുനാള്‍ പോയ കാലത്തിന്റെ നഷ്ട്ടങ്ങളെ കുറിച്ച് സംസാരിച്ചു. പിന്നെ വീണ്ടും ഉള്ളില്‍ യാത്രാമോഴികൊണ്ട് കരയിച്ചു. എന്‍റെ മായാലോകം അവിടെ അവസാനിക്കുന്നു. ശൂന്യം, കറുപ്പ്. 

ഈ ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച. അമ്മയുടെ അമ്മിഞ്ഞ നുകരുന്ന ഒരു പൈതൽ അല്ല.! തന്റെ കാമുകിയുടെ മാറിടമാണു! കാരണം അവന്റെ നഷ്ടം അവിടെയാണു നികത്തപ്പെടുന്നത്. അവിടെ മാത്രമാണു അവനു പൂർണ്ണമായി സ്വസ്ഥനാവാൻ കഴിയുന്നത്. ഒരു കാമുകിയുടെ സ്വാസ്ഥ്യം എന്തെന്ന് ചോദിക്കരുത്. ഒരുപക്ഷേ.. അവന്റെ മുഖമായിരിക്കാം. സംതൃപ്തമായ അവന്റെ മുഖം. എവിടെയോ വായിച്ചു മറഞ്ഞ ഈ വാക്കുകള്‍ ആ നിമിഷം എന്നില്‍ അലയടിച്ചു. അവളുടെ മാറിടത്തില്‍ അഭയംതേടാന്‍ എന്‍റെ ശരീരം കൊതിച്ചു. 

സ്ത്രീ, അമ്മ, കാമുകി. ഇനി ഞാന്‍ പറയുന്ന വസ്തുതകള്‍. കുഞ്ഞിന്‍റെ മുലകുടി മാറ്റാന്‍ അമ്മ കൈപ്പുള്ള ചെന്നിനായകം പുരട്ടുംപോലെയാണ് ജീവിതമെന്ന്, ഒരു പ്രായം കഴിഞ്ഞാല്‍ അവന്‍ ചെയ്യാന്‍ പാടില്ലാത്തതായ പലകാര്യങ്ങളുമുണ്ടെന്ന് അവിടെ നിന്ന് അവര്‍ പഠിപ്പിക്കുന്നുണ്ട്. 

"ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭാശയത്തില്‍ സുരക്ഷിതമാണ് ഭൂമിയില്‍ ഉള്ള മറ്റേതൊരു ഇടത്തെക്കാളും. അതിനു ശേഷം അവളുടെ മാറിടത്തിലും നീ സുരക്ഷിതനായിരുന്നു. അതിനു ശേഷം അവള്‍ പറയും. ഇനി എന്റെ മടിത്തട്ട് നിനക്ക് ഉപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ വേദനയോടെ ഈ അമ്മയ്ക്ക് നിന്നൊട് ലോകം എന്തെന്ന് പറഞ്ഞു തരേണ്ടതുണ്ട്. അതായിരിക്കും പിന്നീടുള്ള കയ്പ് ഈ ലോകത്തിന്റെ രുചി അതാണ്‌. എന്നാല്‍ ലോകം പിന്നീട് യാഥാര്‍ത്യത്തില്‍ നിന്ന് കൊണ്ട് മധുരമാര്‍ന്നതാക്കാന്‍ ഒരു കാമുകിക്കും, ഭാര്യക്കും കഴിയണം. അവിടെ അവള്‍ വീണ്ടും പൂര്‍ണത പ്രാപിക്കുന്നു. അവിടെ അവന് നഷ്ടമായ അമ്മിഞ്ഞപ്പാലിന്റെ രുചിയുള്ള മാദൃത്തം കാമിനില്‍ നികത്തപ്പെടണം." 

ആരോ എന്നെ വിളിച്ചെഴുനെല്‍പ്പിച്ചിരിക്കുന്നു. കണ്ണുകള്‍ തിരുമ്മി പതിയെ തുറന്നു. ഏതുസമയത്തും സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണരുന്നവള്‍ വികാരനിര്‍ഭരമായ നിരാശ അനുഭവിക്കുമ്പോള്‍ തല്‍ക്ഷണം നഷ്ടപ്പെട്ട ഉറക്കത്തെ പെട്ടെന്ന് തിരിച്ച് വിളിക്കാന്‍ ശ്രമിക്കും, അതത്ര സുഖകരമല്ലായെന്നിരിക്കെ.

"ഈ ഇടെയായി ധാരാളം സ്വപ്‌നങ്ങള്‍ കാണുന്നു. ഉറങ്ങാന്‍ കഴിയുന്നില്ല. കണ്ണുതുറന്നാല്‍ പോലും മറയാത്ത ഈ സ്വപ്നങ്ങളാണ് എന്‍റെ രാത്രികള്‍ക്ക് ദൈര്‍ഘ്യം കൂട്ടുന്നത്‌. ഈ നശിച്ച സ്വപ്നമാണ് ജീവിതം എന്ന തിരിച്ചറിവ് കണ്ണടച്ച് ഉറക്കം നടിക്കാന്‍ പഠിപ്പിക്കുന്നു." ഒരു സ്ത്രീ ശബ്ദം അതും നന്നേ പരിചയമുള്ള ശബ്ദം. മുഖം വ്യക്തമാകുമ്പോള്‍ വിസ്മയിക്കാന്‍ കഴിയത്ത അവസ്ഥയില്‍ ആയിരുന്നു. എന്‍റെ മനോനിലയെ താറുമാറാക്കുന്ന ഒന്നാണ് നിലവില്‍ ഞാനീ ലോകത്തിന് പുറത്താണ് എന്ന ചിന്തയെന്ന് ആ നിമിഷം എനിക്ക് തോന്നി.

"കഥയിങ്ങനെ തുടരുന്നു" അവള്‍ തുടര്‍ന്നു. അപ്പോഴാണ്‌ ഞാന്‍ തലചായ്ചിരിക്കുന്നത് അവളുടെ മാറിലാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായതും. 

ശൂന്യതയില്‍, കറുപ്പില്‍ ഒരു സുന്തരമായ സ്ത്രീ രൂപം. അവള്‍ക്ക് ചുറ്റുമുള്ളതെല്ലാം ദിനവും മരിച്ചുകൊണ്ടിരിക്കുന്നു. എത്രമേൽ സ്നേഹിച്ചാലും അവൾ ആഗ്രഹിക്കപ്പെടുന്ന രീതിയിലൊന്നും അവൾക്കത് തിരികെ ലഭിക്കുന്നില്ല.

"നീ, ഞാന്‍ പറഞ്ഞുതുടങ്ങിയ കഥയാണോ പറയുന്നത്? അത് നിനക്കെങ്ങനെ അറിയാം?" ഞാന്‍ പെട്ടന്ന് ഇടയില്‍ കയറി ചോദിച്ചു.

"ഞാനാല്ലേ എന്നും കഥകള്‍ പറയാറ്‍, നീ ഒരു ശ്രോതാവ് മാത്രമാണ്" ആ മറുപടി എനിക്കത്ര പിടിച്ചില്ല. അല്ലെങ്കിലും ഒരു സ്ത്രീ ഞാനിരിക്കുമ്പോള്‍ എനിക്ക് മുകളില്‍ എന്‍റെ വികാരങ്ങളെ പറ്റി സംസാരിക്കുന്നു. പുരുഷന്മാര്‍ വികാരങ്ങള്‍ പുറത്തു കാട്ടാന്‍ അര്‍ഹതയില്ലാത്തവരാണ്. ഞാനും കുട്ടിക്കാലം മുതല്‍ പഠിച്ചത് ഇത് തന്നെയാണ്. സങ്കടം വരുമ്പോള്‍ അവന്‍ കരയുന്നില്ല. കരയാന്‍ അവന്‍ അര്‍ഹനല്ല. എന്നാല്‍ അവന്‍റെ ദേഷ്യവും, കാമവും അടക്കാന്‍ അവനെ ആ സമൂഹം പഠിപ്പിക്കുന്നുമില്ല. അസംബന്ധം അല്ലെ!

എന്നിലെ പുരുഷ മേധാവിത്വം എനിക്കുള്ളില്‍ കൊടുംപിരി കൊള്ളുമ്പോള്‍, എന്‍റെ ചിന്തകളുടെ പ്രളയത്തെ തടുത്തു നില്‍ത്താന്‍ വണ്ണം അവള്‍ എന്‍റെ കണ്ണുകളില്‍ ചുംബിച്ചു. ആ നിമിഷംവരെ അലയടിച്ച എന്നിലെ പൌരുഷം എന്ന് ഞാന്‍ വിശ്വസിച്ച് പോന്ന മനസ്സിന്‍റെ ധീരതയെ എനിക്ക് തടുത്തു നിര്‍ത്താന്‍ കഴിയുമായിരുന്നില്ല. എന്‍റെ ചുണ്ടുകള്‍ വിറച്ചു. എന്‍റെ കണ്ണുനീര്‍ അവളുടെ ചുണ്ടുകളില്‍ പോയകാലാത്തിന്റെ ഉപ്പുനീര്‍ പകര്‍ന്നിരിക്കണം. അവളെന്നെ ചേര്‍ത്തു പിടിച്ചു. ആ നിമിഷം ആ ചുണ്ടുകളോട് എനിക്ക് അസൂയതോന്നി. ഒളിച്ചുവെച്ച വിപരീതാര്‍ത്ഥകമായ മുഖഭാവം, പുഞ്ചിരി പിന്നിട്ട വഴികളില്‍ ആരും ശ്രദ്ധിക്കാതെ പോയ ജീവിത തീക്ഷണകള്‍ പൂര്‍ണമായും ഒരിടത്ത് സംയോജിപ്പുന്നതാണ് നിറഞ്ഞ കണ്ണുകള്‍. കരയാന്‍ കഴിയുന്നത്‌ ഒരു പുണ്യമാണെന്ന് പെട്ടെന്ന് എനിക്ക് തോന്നി. 

അവളുടെ പ്രണയമെന്ന ഭ്രാന്ത് അതിരുകവിഞ്ഞതായി നില്‍ക്കുന്നതാണെന്ന് അവള്‍ക്കും എനിക്കും അറിയാം. സ്നേഹത്തിനപുറം പൂര്‍ണ്ണമായും ആ കാമവിരാമമെന്ന ഉന്മാദം ലൈംഗികമോഹങ്ങള്‍ക്ക് അടിമപ്പെട്ടതാണ്.

അമ്മയുടെ മാറിടത്തിൽ നിന്നും ചുണ്ടുകൾ പറിച്ച് മാറ്റപ്പെടുന്നു കുട്ടി പിന്നീട് ഏകനാവുന്നുണ്ട്. അവന്‍റെ കനത്ത ഏകാന്തതയാണു കാമുകിയെ തേടാൻ അവനെ നിർബ്ബന്ധിക്കുന്നത്. അമ്മയുടെ മുലയിൽ നിന്നും ഇങ്ങനെ പറിച്ച് മാറ്റപ്പെടുന്നില്ലെങ്കിൽ ഒരുപക്ഷേ, ഒരു ആൺകുട്ടിയും മറ്റൊരു പ്രണയം തേടി പോവില്ലെന്നും സാമാന്യമായി വിചാരിക്കാം. വിചിത്രം അല്ലെ. എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് അമ്മ എത്ര പാവമെന്ന ചിന്തയോ അല്ലെങ്കില്‍ അവരോട് അസൂയയോ ഉണ്ടായേക്കാം. അമ്മയെന്നത് അവളെ കൂടുതല്‍ ശല്യം ചെയ്യാത്തതും അവര്‍ അനുനയിച്ചവരാണ് എന്ന കാരണം കൊണ്ട് തന്നെ.

"പുരുഷലോകം ഉണ്ടാക്കിത്തീര്‍ത്ത ഒരു ലോകത്ത് ഇതുവരെ ഒരു സ്ത്രീയും തങ്ങളുടെ  വ്യക്തിത്വം  തിരിച്ചറിഞ്ഞിട്ടുപോലുമില്ല" അവളുടെ ആ വാക്കുകള്‍ എന്നെ വീണ്ടും സഖടത്തിലാഴ്ത്തി.

അവള്‍ കനത്ത ഏകാന്തത അനുഭവിക്കുന്നു. എത്രമേൽ ആഹ്ലാദകരമായൊരു ജീവിതമാണെങ്കിലും അവള്‍ ഏകാകികളാണു. അവളെ വിഷാദം ഗ്രസിപ്പിച്ചിട്ടുണ്ട്. ഒരു പുരുഷൻ എപ്പോഴും അവളില്‍ അധീശത്വം സ്ഥാപിക്കുന്നത്, അവളുടെ ഈ ഏകാന്തതയിലൂടെയാണു. അവൻ സ്വാന്ത്വനിപ്പിക്കുകയാണു ഏകാന്തത നമുക്ക് അവസാനിപ്പിക്കാം. നിനക്ക് ഞാൻ കൂട്ടാവാം. അവനും ഏകാകിയായിരുന്നു. അവനും അതിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ട്. എന്നാൽ ഒരുമിച്ച് ചേരുമ്പോഴും അവന്‍ പോയകാലത്തെക്കുറിച്ച് ആലോചിക്കുകയും അതിൽ മുഴുകിയിരുന്നും കാമുകിയെ ഒറ്റപ്പെടുത്തുന്നു. ഒരുവാക്ക് മതി ഒരു സ്ത്രീ ഒറ്റക്കാവാൻ. ഒരു ചിന്ത മതി ഒരു സ്ത്രീയെ ഏകാന്തതയുടെ നടുക്കടലിലേക്ക് എടുത്തെറിയാൻ. നിർഭാഗ്യവശാൽ അവന്‍ അറിഞ്ഞോ അറിയാതെയോ അത്ചെയ്യുന്നുണ്ട്. രക്ഷപ്പെടാമെന്നു വ്യാമോഹിപ്പിച്ച് കൂട്ടിക്കൊണ്ടുവന്നു എന്നിട്ടിപ്പോള്‍ രണ്ടുപേരും ഏകാകികളാവുന്ന വിചിത്രമായ അവസ്ഥ.!

അമ്മയുടെ മാറിൽ നിന്നും കാമുകിയുടെ മാറിലേക്കുള്ള പ്രയാണത്തെ പ്രണയം എന്ന് സാമാന്യവല്ക്കരിക്കാം. എന്നാൽ അങ്ങിനെ മാറുമ്പോൾ പുരുഷനും പൂർണ്ണമായും അത് സാധ്യമല്ലാതെ വരുന്നു. എന്നാൽ സ്ത്രിയ്ക്ക് അത് സാധ്യമാണു. അവള്‍ പാരമ്പര്യത്തെയും പൈതൃകത്തെയും ഉപേക്ഷിക്കും. അവൾ ഇന്നിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അല്പമെങ്കിലും ഏകാന്തത ശമിപ്പിക്കപ്പെടാൻ അവൾ എന്തിനും തയ്യാറാവുന്നുണ്ട്. അവളുടെ പുരുഷൻ പറയുന്ന എന്തും ചെയ്യാൻ തയ്യാറാവും!

ആ നിമിഷം അവളുടെ അധരങ്ങളില്‍ ഞാന്‍ മൃദുവായി ചുംബിച്ചു. അതിപ്പോള്‍ അനിവാര്യമായിരുന്നു. എനിക്കിപ്പോള്‍ പൂര്‍ണമായും അവളെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. എല്ലാ പുരുഷനിലും സ്ത്രീയുണ്ട്; സ്ത്രീയില്‍ പുരുഷനും. ഈ സഹജമായ ജ്ഞാനത്തെ വസ്തുനിഷ്ഠമായി കാണാന്‍ ശ്രമിക്കണം.

എന്നാല്‍ പിന്നീടുള്ള കാലം അവനാല്‍ അവള്‍ തകര്‍ത്തെറിയപ്പെടുന്നുണ്ട്. അവിടെ നിന്നാണ് അവള്‍ അമ്മയാകാന്‍ ആഗ്രഹിക്കുന്നതും. ഏകാന്തതയെ നേരിടാൻ ഒരു കുഞ്ഞുവേണം. ഗർഭത്തിൽ ആയിരിക്കുന്ന കുഞ്ഞുമായിഅവള്‍ സംവദിക്കുന്നു. താൻ ഒറ്റക്കല്ലെന്ന ചിന്ത അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. തന്‍റെ ജീവിതം ഇനിയും മധുരമാര്‍ന്നതാകുമെന്നു അവൾ വിചാരിക്കുന്നു. തന്റെ ജീവിതത്തെ സമ്പന്നമാക്കാൻ വരുന്ന കുഞ്ഞിനെ അവൾ സ്നേഹിക്കും. പ്രതീക്ഷിക്കും. അങ്ങിനെ അവൾ പ്രതീഷയുടെ മറ്റൊരു ലോകത്തെത്തും. ഗർഭം താങ്ങി നടക്കൽ, പ്രസവിക്കൽ, മുലയൂട്ടൽ, കുട്ടികളെ വളർത്തൽ. അങ്ങനെ ഏകാന്തതയെ ചെറുക്കാന്‍ കാമിനിയുടെ അമ്മയിലെക്കുള്ള പരിണാമം.

എന്നാല്‍ ജനിച്ചു വീണ അന്നുമുതല്‍ കാപട്യം കൊണ്ട് ആ കുഞ്ഞും അവളെ പരാജയപ്പെടുത്തുന്നുണ്ട്. കരച്ചിലും ചിരിയുമാണു അവൻ അതിനായി ഉപയോഗിക്കുന്നത്. അമ്മയെന്ന അവസ്ഥയിൽ അഭിരമിച്ച് അവൾ മക്കളെ വളർത്തും. എന്നാൽ പ്രായപൂർത്തിയാവുന്നതോടെ മകൻ അവന്റെ ഇണയെത്തേടി പോകുമ്പോൾ അവള്‍ വീണ്ടും ഏകാകിയാവും. ദുഃഖിതയാവും.! പിന്നീട് അമ്മൂമ്മയിലൂടെ അവള്‍ പേരക്കുട്ടികളിലൂടെ നഷ്ടപ്പെട്ടത് വീണ്ടും തിരിച്ച് പിടിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ആ കാലം അധികമുണ്ടാവില്ല. ആ നിമിഷവും ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു വിതുമ്പുകയായിരുന്നു. അവളില്‍ അലിഞ്ഞു ഇല്ലാതാകാന്‍ എനിക്കപ്പോള്‍ തോന്നിയിട്ടുണ്ടാകണം. അവളെ പൂര്‍ണ നഗ്നയാക്കി അവളുടെ ചുണ്ടുകളെ മാത്രം മറച്ചു പിടിക്കാന്‍ ആഗ്രഹിച്ചുപോകുന്നു. കാരണം, ലൈംഗിക വികാരം തോന്നുന്നവ, ഉത്തേജിപ്പിക്കപ്പെടുന്നവ മറച്ച് വെക്കാൻ ശാഠ്യമെങ്കിൽ ആദ്യം നമുക്ക് ചുണ്ടുകൾ മറച്ച് വെക്കേണ്ടി വരും. കാരണം ലൈംഗികതയുടെ ഏറ്റവും ഉഗ്രാൽ ഉഗ്രനായാ സ്ഫോടനം അവിടെയാണു സംഭവിക്കുന്നത് എന്നത് വസ്തുതാപരമായ കാര്യമാണ്.

"നിന്‍റെ മൌനം നിനക്ക്‌ ഉള്ളിലെ നീറുന്ന വേദനയുടെ മറ്റൊരു നാമം മാത്രം". എന്‍റെ കണ്ണുകളില്‍ നിന്നും ആ നിമിഷം അവള്‍ ഇങ്ങന വായിച്ചെടുത്തു.

"എന്‍റെ ഉള്ളിലെ ഈ പ്രണയത്തിന്‍റെ ഉന്മാദ ലോകം നിനക്കായ് മാത്രം പങ്കുവെക്കാം കഴിയുന്നതാണ്." അതെങ്കിലും ആ നിമിഷം പറയാന്‍ കഴിഞ്ഞതില്‍ എനിക്ക് എന്നോട് തന്നെ  അഭിമാനം തോന്നി. അവളുടെ വിടര്‍ന്ന പൂവിനെ ഞാന്‍ പതിയെ തലോടി. ആ നിമിഷം നഗ്നമായി കെട്ടിപുണര്‍ന്ന രണ്ടു ശരീരങ്ങള്‍ ചുറ്റും തൂവെള്ള നിറമുള്ള അഗാതമായ ഒരു ഗര്‍ത്തത്തിലേക്ക് പതിച്ചു.

"ഇനിയും മൂന്ന് നാഴികയകലെ" അവള്‍ പറഞ്ഞത് അവിടമാകെ അലയടിച്ചുയര്‍ന്നു.

നിന്നോട് എല്ലാം തുറന്നുപറയാൻ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിന്റേയും താങ്ങിന്റേയും ഉറവിടമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്നാല്‍ നീ ഒന്നറിയുക. പേടിപ്പെടുത്തുന്ന ഈ രാത്രി ഇരുട്ട് കൊണ്ട് എന്നെ മൂടുമ്പോഴും, പരാജിതനായ ഞാന്‍ ഇപ്പോഴും ഈ ജീവിതം മുഴുവനും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്‍റെ ചുറ്റുപാടുകള്‍ എന്നെ ബലമായി പിടിച്ചുമാറ്റുന്ന സന്ദര്‍ഭങ്ങളുടെ മുന്നില്‍ ഞാന്‍ ഭയംമൂലം പിന്‍വാങ്ങുകയോ നിയന്ത്രണംവിട്ട് ഉറക്കെ കരയുകയോ ചെയ്തിരുന്നില്ല. ഇനി അതാവർത്തിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ ശവക്കുഴിയില്‍ വിധിയെന്നെ വലിയ ഇരുമ്പ് ദണ്‌ഡ്‌കൊണ്ട് മര്‍ദ്ദിക്കുമ്പോഴും പൂര്‍ണമായും രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്‍റെ ശിരസ്സ് ഒരിക്കല്‍ പോലും ഞാന്‍ കുനിച്ചിട്ടില്ല. നിന്നില്‍ നിന്നും വളരെയകലെ അമര്‍ഷംകൊണ്ടും കണ്ണീരുകൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത്‌ ഭീകരമായി തോന്നുന്ന എന്‍റെ നിഴലിനെ വരെ ഞാന്‍ നഷ്ട്ടപ്പെടുത്തിയിരിക്കുന്നു. കൂടാതെ അപകടകാരിയായ ആ കാലത്തേ നിര്‍ഭയമായി ഞാന്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. സുപ്രധാന കാര്യം ഇടുങ്ങിയ ആ കവാടത്തിന് മുന്നില്‍ എത്തുക എന്നത് തന്നെയാണ്.  എന്‍റെ ആത്മാവായ നിന്നെ ഒരിക്കല്‍ കൂടി ഞാന്‍ ഓര്‍മിപ്പിക്കുന്നു എന്‍റെ ഓര്‍മ്മകളെ തിരിച്ച് തരൂ. 

കണ്ണ് തുറന്നാല്‍ വീണ്ടും പഴയ മുറി അരികില്‍ അവള്‍.

"എനിക്കെന്തോ നഷ്ടമായിരിക്കുന്നു"

"ഇല്ല, നീ ഇവിടെ സുരക്ഷിതനാണ്." അവള്‍ പറഞ്ഞു.

ജിജ്ഞാസയോടെ ഞാന്‍ ആ മുഖത്തേക്ക് തന്നെ നോക്കി.

"മൂന്ന് നാഴിക കഴിഞ്ഞിരിക്കുന്നു."