Monday, September 22, 2014

സമരം - ജീവിതം - മറുപടി [കവിത]



സമരം -

ചരിത്രം എന്നെ കലാപകാരി എന്ന് വിളിക്കും
എന്‍റെ മൌനസമരങ്ങളെ നോക്കി.
നാളെയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ഞാന്‍ ആ വാതിലിന് ചുറ്റും
അലഞ്ഞുതിരിഞ്ഞു; പക്ഷെ നാളെ ഒരിക്കലും വരുന്നില്ല.

ജീവിതം

എന്‍റെ കഴിവുകളില്‍ എന്നെ തളക്കപ്പെട്ടത് ഞാന്‍ കാരണമല്ല.
സ്വന്തം വീടാണ് എന്‍റെ ഏറ്റവും വലിയ ശത്രു.
ഭ്രാന്ത് ലഹരിയായപ്പോള്‍ അവളെന്‍റെ കാമിനിയായി.
ഞാനും അവളും സല്ലപിക്കുമ്പോള്‍ മിഥ്യയായ ദ്രുവങ്ങള്‍ എന്നെ നോക്കി
പല്ലിളിച്ചു കാണിച്ച് പറഞ്ഞു; നിന്നില്‍ അര്‍പ്പിതമായത് നീ ചെയ്യാത്തതെന്താണ്‌.
മരണത്തിന്‍റെ സൗന്ദര്യം എന്നെ മോഹിപ്പിക്കുന്നു.

മറുപടി

ഞാന്‍ ബലിയാടായി തുടരുകതന്നെ ചെയ്യും മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ.
ഞാനെന്ന ചിന്ത എന്നെ എങ്ങും കൊണ്ടെത്തിക്കാത്ത മരക്കുതിര.
എന്നിട്ടും ഞാന്‍ പറഞ്ഞു; ഞാനല്ല നീയാണ് എന്നെ ഇല്ലാതാക്കിയത്.
തീകൂട്ടാന്‍ വിരകില്ലാത്തവര്‍ കത്തിയെരിയുന്ന എന്നില്‍ ചാടി.
എന്‍റെ കഴുത്തിന്‍റെ ഊഞ്ഞാലാടാനുള്ള ഭ്രാന്ത്.
പൊട്ടിയ കയറിന്‍റെ മരിക്കരുതേ മരിക്കരുതേ എന്ന നിലവിളി എന്‍റെ ഉണര്‍വിന്റെ ശാപം.
ഈ ശരീരം ഒരമ്മയെപ്പോലെ ആത്മശിശുവിനെ ഗര്‍ഭം ധരിചിരിക്കുകയാണ്
അത് ജനിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രസവ വേദനയാണ് മരണം.
എങ്ങനെയാണ് ധീരപുത്രന്‍ ജനിക്കുന്നത് എന്ന് അമ്മയോട് പറയണം.
പക്ഷെ എന്‍റെ സമരജീവിതത്തിനുള്ള മറുപടി മുന്‍പേ പോയ ആത്മാക്കള്‍ അവളോട് പറഞ്ഞു.
ഈ ശവം ഇപ്പോള്‍ നിനക്ക് തിന്നാം.
മാംസ പിണ്ഡം ചുമന്നതിന്‍റെ കണക്ക് അങ്ങനെ തീര്‍ക്കാം.


-അനസ് മുഹമ്മദ്‌