Sunday, December 28, 2014

മയ്യിത്തിന്‍റെ മണം



മരുഭൂമിയുടെ ഗന്ധം. മണല്‍തരികളുടെ മാറില്‍. സൂര്യകിരണങ്ങളെ അറിഞ്ഞും, മഞ്ഞു തുള്ളികള്‍ അണിഞ്ഞും ഇങ്ങനെ. ജീവിതം ഗന്ധങ്ങളെ തേടിയുള്ളതാണ്. സന്തോഷത്തിന്‍റെ സുഗന്ധം, സന്താപത്തിന്‍റെ ദുര്‍ഘടമായ ഗന്ധം. വാസനയില്ലാത്ത ഇടങ്ങള്‍. അവിടങ്ങളിലേക്ക് മണം തേടി നാമെത്തുന്നതാണ് വിചിത്രമായ ജീവിതം. ഇപ്പോള്‍ ഈ മരുഭൂമിയാണ് എന്‍റെ പ്രതീക്ഷകളുടെ പൂങ്കാവനം. എനിക്ക് വേണ്ട മണം ഞാനിവിടെ നിന്ന് കണ്ടെത്തണം. മരുഭൂമിയുടെ മണം വേദനയുടെമാത്രമാണ്. അവ പ്രതീക്ഷകള്‍ നല്‍കുന്നില്ല എനിക്കിപ്പോള്‍. എനിക്ക് എന്‍റെ വഴി നഷ്ട്ടപ്പെട്ടിരിക്കുന്നു. ഈ മണല്‍ കാട്ടിനുള്ളില്‍ ഞാന്‍ ഏകനായി അകപ്പെട്ടിരിക്കുന്നു. 

എവിടെയാണ് എന്നറിയാത്ത ഒരു മണല്‍ കടലില്‍ കരയറിയാതെ ഇഴഞ്ഞു നീങ്ങുന്നു. ദാഹം കൊണ്ട് തൊണ്ട പൊട്ടുന്നുണ്ട്. വെയിലേറ്റ് ശരീരം പൊള്ളുന്നുണ്ട്. ആ വിജനമായ മണല്‍ കൂനയില്‍ പ്രതീക്ഷയുടെ ദിക്കിലേക്കും നോക്കി കുറച്ചു നേരം അങ്ങിനെയിരുന്നു. ഒരല്‍പം തണലെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു. സൂര്യന്‍റെ അസ്തമയം ഇങ്ങനെ പ്രതീക്ഷിച്ചുകൊണ്ട് ഇന്നുവരെ ഞാനിരുന്നിട്ടില്ല. നീലാകാശത്ത്‌ വിഹരിക്കുന്ന മേഘങ്ങളുടെ സൌന്ദര്യം ഇന്നുവരെ ഞാന്‍ ആസ്വദിച്ചിട്ടില്ല. ചുണ്ടുകള്‍ വിറക്കുന്നു ഒരല്‍പം വെള്ളത്തിനായി. ജീവിതം ഇത്രയ്ക്ക് ദുര്‍ഘടമായ നൌകയാണോ. എനിക്കിത്രകാലവും അതിങ്ങനെയല്ലായിരുന്നു. 
പ്രാര്‍ത്ഥനയും, സല്‍കര്‍മ്മങ്ങളുമായി ഇവിടെ ഞാന്‍ ജീവിതം നയിച്ചിരുന്നു സന്തോഷത്തോടെ. വിശക്കുമ്പോള്‍ എനിക്കാഹരവും, ദാഹിക്കുമ്പോള്‍ വെള്ളവും ലഭിച്ചിരുന്നു. ഉറക്കം എനിക്കൊരൈശ്വര്യമായിരുന്നു. 
"എന്തൊരു പരീക്ഷണം ദൈവമേ" മനസ്സില്‍ ഇങ്ങനെ തോന്നിയ നിമിഷം പുറകില്‍ നിന്നൊരു വിളി
"മയ്യിത്തെ" 

പള്ളിയില്‍ ഇന്ന് പതിവിലും കൂടുതല്‍ അറബികള്‍ ഉണ്ട്. എല്ലാ നമസ്കാരത്തിനും നാനാ ദേശത്തുനിന്നുള്ളവര്‍ ഒരുമിച്ചിരുന്നാണ് ഇവിടെ പ്രാര്‍ത്ഥന നടത്തുന്നത്. എന്നാല്‍ അറബികളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഈ വക്തിന് ഒരു മയ്യിത്തുണ്ടെന്ന് തീര്‍ച്ച. ആദ്യ വരിയില്‍ തന്നെ നില്‍ക്കാന്‍ ആളുകളെ മാറ്റി ഞാന്‍ മുന്നില്‍ ചെന്നിരിക്കും. കാരണം ഞാനിപ്പോള്‍ ഈ ഭൂമിയില്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്ന മണം മയ്യിത്തിന്‍റെ മണമാണ്. സുഗന്ധവ്യഞ്ജനത്താല്‍ അവിടെമാകെ ജന്നത്തിന്റെ പ്രതീതിയാണ്. ഊദും, അത്തറും മുന്നില്‍ ഇരുന്ന് ആ മയ്യിത്തിന്‍റെ മണം എന്‍റെ നാസികളിലൂടെ വലിച്ചു എന്‍റെ ഉള്ളിലെ നീറുന്ന നഷ്ട്ടബോധത്തെ ശമിപ്പിക്കും. എല്ലാ ദിവസവും ഒരു നേരം മിക്കവാറും ഒരു മയ്യിത്ത് കാണും. അതുകൊണ്ടുതന്നെ ഒരു വക്തും മുടക്കാതെ ഞാന്‍ പള്ളിയില്‍ നേരെത്തെ എത്തുമായിരുന്നു. ഏകാന്തത അനുഭവിക്കുന്നവന്റെ നുറുങ്ങു സന്തോഷങ്ങള്‍ മാത്രമായേ ഞാന്‍ ഇതിനെ പ്രാരംഭഘട്ടത്തില്‍ കരുതിയിരുന്നൊള്ളൂ. എന്നാല്‍ ഗന്ധത്തിനുമേല്ലുള്ള ആര്‍ത്തിയെന്റെ ജീവിത ശൈലിയെ പതിയെ പതിയെ കാര്‍ന്നുതിന്നു തുടങ്ങി. ജീവിതത്തിലെ എന്‍റെ പ്രതീക്ഷകള്‍ അല്‍പ നേരം ഒരു മയ്യിത്ത് തരുന്ന സുഗന്ധമായി മാറി. പള്ളിക്ക് പുറത്തെ അത്തറ് വില്‍പ്പനക്കാരനോട്‌ എനിക്കസൂയ തോന്നി. അയാളുടെ കയ്യിലുള്ള സുഗന്ധവ്യഞ്ജനത്തോടും. എന്നാല്‍ അയാളുടെ അത്തറിന് കഴിയാത്ത വിസ്മയം അയാളുടെ ഭാര്യയുടെ വിയര്‍പ്പിന് നല്‍കാന്‍ കഴിഞ്ഞുരുന്നെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. പ്രപഞ്ചം ജീവിതത്തില്‍ കരുതി വെച്ച മണങ്ങളെ അങ്ങനെ ഞാന്‍ മറന്നു തുടങ്ങി. മണങ്ങളെകുറിച്ചുള്ള ചിന്ത ജീവിതത്തിലെ നിറങ്ങളെ ഇല്ലാതാകിഎന്ന വസ്തുത ഞാന്‍ തിരിച്ചറിഞ്ഞില്ല. ഉമ്മയുടെ ഗര്‍ഭപാത്രംത്തില്‍ കിടന്ന് ഞാന്‍ മാതൃസ്‌നേഹം ശ്വസിച്ചിട്ടുണ്ട്, ആ മുലകളിലെ സ്നേഹം ഞാന്‍ നുകര്‍ന്നിട്ടുണ്ട്‌, ആ കൈകളുടെ ലാളന ഞാന്‍ അറിഞ്ഞിട്ടുണ്ട്, ഒറ്റയ്ക്ക് തീറ്റതേടാന്‍ പ്രാപ്തനായപ്പോള്‍ കണ്ണീരോടെ അവരെന്നെ യാത്രയാക്കിയിട്ടുണ്ട്. ആ കൈകളില്‍ അപ്പോള്‍ ഞാന്‍ മുത്തം വെച്ചിട്ടുണ്ട്. അന്ന് എന്‍റെ ജീവിതത്തില്‍ ആന്തരികമായ ഗന്ധങ്ങളെ ഞാന്‍ മനസ്സിലാക്കിയതാണ്.

    
മണല്‍ തരിയില്‍ മുഖം ചേര്‍ത്തു കൈകള്‍ രണ്ടും കാലിനിടയിലേക്ക് വെച്ച് ഒരു കുഞ്ഞു ഗര്‍ഭപാത്രത്തില്‍ കിടക്കുന്നത് പോലെ കിടന്നു. എന്നിട്ട് നീട്ടിയൊരു ശ്വാസമെടുത്തു. എനിക്കിപ്പോള്‍ ആ ഗന്ധം കിട്ടുന്നുണ്ട്. ഗർഭപാത്രത്തിൽ കിടന്ന പത്തുമാസം മുഴുവൻ ഞാൻ ഉമ്മയോട് സംസാരിക്കുകയായിരുന്നു. ഒരു നിമിഷം പോലും ദേഷ്യപ്പെടാതെ ഉമ്മ എന്നെ കേൾക്കുകയും എന്നോട് സംസാരിക്കുകയുമായിരുന്നു. മാതൃസ്‌നേഹത്തിന്‍റെ മണം. മാതാവില്‍ നിന്നും തീറ്റതേടി അകന്നവരെല്ലാം ഒരു പ്രാവിന്‍റെ വെളുത്ത തുവ്വലിനടിയില്‍ അഭയം പ്രാഭിക്കുന്നുണ്ട് പ്രണയം. ആ നിമിഷം കാലങ്ങള്‍ കഥ പറഞ്ഞു തുടങ്ങും. മഞ്ഞും വെയിലും മഴയും നമുക്കായ് പുനര്‍ ശ്രിഷ്ടിക്കപ്പെടും. അതിനിടയില്‍ അറ്റമില്ലാത്ത രാത്രിയും, പകലും നമ്മുടെ സല്ലാപങ്ങള്‍ക്കായി കാതോര്‍ത്തിരിക്കും. മനോഹരം ഞാന്‍ നെടുവീര്‍പ്പിട്ടു. കാലം എനിക്കായ് കരുതിവെച്ച വിചിത്രമായ നിമിഷങ്ങള്‍. അസ്തമയ സൂര്യനെ നോക്കി ഞാന്‍ അങ്ങനെ കിടന്നു.


ചിന്തകള്‍ പിടികൊടുക്കാത്ത ഹൃദയകോണുകളില്‍ ഒളിച്ചപ്പോള്‍ വിളിപാടെന്ന പോലെ ബാങ്ക് വിളികേട്ടു. പെട്ടെന്ന്‍ എണീറ്റ്‌ നിന്ന്. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇന്ന് മയ്യിത്തില്ലല്ലോ പിന്നെ ഈ സുഗന്ധവ്യഞ്ജനത്തിന്‍റെ മണം എവിടുന്ന് വരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കൊണ്ട് നിസ്ക്കാരം പൂര്‍ത്തിയാക്കി. ഒരല്പം കഴിഞ്ഞപ്പോള്‍ ബാങ്ക് വിളിക്കുന്ന മുക്രി എണീറ്റ് പള്ളിയുടെ ഒരു മൂലയില്‍ നിന്നും ഒരു കുഞ്ഞു തുണിക്കെട്ട് എടുത്തുവന്നു ഇമാമിന് മുന്നില്‍ വെച്ചു. പള്ളിയില്‍ ആകെ ഒരു മൂകത. എന്താണ് ഇവിടെ നടക്കുന്നതെന്ന് കുറച്ചു നേരത്തേക്ക് എനിക്ക് മനസ്സിലായില്ല. ഞാന്‍ പോലും അറിയാതെ എന്‍റെ കണ്ണുകള്‍ എനിക്കുത്തരം തന്നു. അവ നിറഞ്ഞൊഴുകുന്നു. ഏതോ ഒരു മയ്യിത്തിന് വേണ്ടി ഞാന്‍ കരയുന്നു. മരണം അനുഗ്രഹമാണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. കാരണം മരിച്ചവന് ഒരിക്കലും തിരിച്ചു വന്നിട്ടില്ല. ജീവിതത്തെക്കാള്‍ സൌന്ദര്യം ഉള്ളത് കൊണ്ടൊന്നു മാത്രമാണ് അത് സംഭവിക്കുന്നതെന്ന് എനിക്ക് തോന്നി. പക്ഷെ ആ കുഞ്ഞ് ജീവിതം എന്ത് കണ്ടു ഉമ്മയുടെ ഗര്‍ഭപാത്രമല്ലാതെ. ഇത്രവേകം തിരിച്ചെടുക്കാന്‍ ആയിരുന്നേല്‍ എന്തിന് ആബീജത്തിനു ജീവന്‍ നല്‍കി. 
"അല്ലാഹു അക്ബര്‍" ഇമാം തക്ബീര്‍ കെട്ടി.
കരുണാമയനായ ദൈവത്തോട് ആ നിമിഷം എനിക്ക് വെറുപ്പ് തോന്നി. എന്‍റെ ചുണ്ടുകള്‍ വിറച്ചു. ദേഹം മൊത്തം മരവിച്ചിരിക്കുന്നു. കണ്ണുകളില്‍ ഇരുട്ട് കയറുന്നു. കാലുകള്‍ തളരുന്നു.


"മയ്യിത്തെ" വീണ്ടും ആ വിളി ഞാന്‍ കേട്ടു.  


വേര്‍പാട്. ഒരു കടലാസ് നിറയെ അത്തര്‍ ഒഴിച്ച് ഉണക്കിയെടുത്ത് അതില്‍ ഞാന്‍ അവള്‍ക്കൊരു കത്തെഴുതി. എന്‍റെ തൂവെള്ള ചിറകുകള്‍ ഉള്ള മാലാഖയ്ക്ക്. 

പ്രിയേ,

കാലാ കാലങ്ങളായി നിന്‍റെ സ്നേഹം എന്നെ അടിമപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ എന്‍റെ ഇനിയുള്ള ജീവിതവും അടിമകള്‍ക്ക് വേണ്ടി തന്നെ. 

പ്രിയനേ,

അടിമകള്‍. ഭൂമിയില്‍ എല്ലാവരും അടിമകളാണ്. ചിലര്‍ ജോലികൊണ്ട്, ചിലര്‍ സ്നേഹം കൊണ്ട്, മറ്റുചിലര്‍ പ്രാര്‍ത്ഥനകള്‍ കൊണ്ട്. ഇനിയുമുണ്ട് ആ ഗണത്തില്‍ കുറേപേര്‍. എന്‍റെ ആത്മാവിനെ ചുമക്കുന്നവനെ നീ അവരില്‍ ആര്‍ക്കൊപ്പം.

ആ എഴുത്തിന് അവള്‍ ഇങ്ങനെ മറുപടി എഴുതി.  

ഋതുകാലം, ഋതുകഴിഞ്ഞ് സന്താനോത്പാദനത്തിനുപറ്റിയ കാലം അവളിലേക്ക്‌ ഞാന്‍ എത്തുകതന്നെ ചെയ്യുമെന്ന വിശ്വാസമായിരിക്കാം ഇങ്ങനെ ഒരു മറുപി എഴുതിയതിന്‍റെ പിന്നില്‍. എഴുത്തുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട്.

ഇവിടെ വിശേഷങ്ങളുടെ ഘോഷയാത്രയാണ് സഖീ. തണുപ്പ് ആകാശത്തു നിന്നും ഇറങ്ങി വരന്നു. സൂര്യൻ ഭൂമിയോട് പരിഭവിച്ച് ഇനി നിന്നോട് കൂട്ടില്ലാ എന്ന മട്ടിൽ നില്‍ക്കുന്നു. ഭൂമിയും വിട്ടുകൊടുക്കാതെ മുഖം വീര്‍പ്പിച്ചിരിക്കുന്നു. ഇവരുടെ പിണക്കം തീര്‍ക്കാന്‍ മഞ്ഞുതുള്ളികള്‍ പൊഴിഞ്ഞുവീഴുന്ന വിസ്മയാനുഭവം ഞാന്‍ ദര്‍ശിക്കുന്നു.

സ്വയം ഉരുകി മറ്റുള്ളവരുടെ നൊമ്പരം തീര്‍ക്കാന്‍ കഴിയുന്ന നീ മഞ്ഞും സദാസമയം ഒരു നൊമ്പരമായ് ജ്വലിക്കുന്ന ഞാന്‍ സൂര്യനുമാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ പിന്നെ എന്തിനാണ് ഞാന്‍ കാരണം മുറിവേറ്റ ഭൂമിയെ അവള്‍ സ്വാന്ത്വനിപ്പിക്കാന്‍ വരുന്നത്. എഴുത്ത് വായിക്കുന്നേരം തെളിഞ്ഞ ആകാശത്ത്‌ നോക്കി ഈ നിമിഷമവള്‍.

പക്ഷികളെയൊന്നും ഈ ഇടെയായി കാണാനില്ല. എല്ലാം മടിപിടിച്ച് ചില്ലകള്‍ക്കിടയില്‍ സ്വപ്നം കണ്ടിരിക്കുകയാണെന്നു തോന്നുന്നു. ഭാഗ്യവതികൾ. ജീവിക്കാന്‍ വണ്ണം ഒന്നും പഠിക്കേണ്ടതില്ല അവയ്ക്ക്. പാവം മനുഷ്യർക്ക് ജീവിക്കാൻ തന്നെ എന്തോക്കെ പഠിക്കണം. എന്തോക്കെ പഠിച്ചാലും ജീവിക്കാൻ പഠിക്കുന്നുമില്ലല്ലോ! 

കിളികൾ., ആകാശത്തിലെ പറവകൾ. വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളിൽ സൂക്ഷിച്ച് വെക്കുന്നില്ല. എന്നാൽ അവ ചിറകടിച്ച് പറക്കുന്നു. സൂര്യകിരണങ്ങളില്‍ നൃത്തം ചെയ്യുന്നു. അവയ്ക്ക് സന്തോഷം മാത്രം. ദുഃഖിച്ചിരിക്കുന്ന ഒരു കിളിയേയും ഞാൻ ഇതുവരെ കണ്ടിട്ടേയില്ല. എന്നാല്‍ മനുഷ്യൻ കിളിയുടെ ഭൗതികവിദ്യ പഠിക്കുകയാണു. പക്ഷിയെപ്പോലെ പറക്കാനുള്ള സൂത്രം തേടി. എന്നിട്ടുമെന്നിട്ടും അവന്‍ പറയുന്നു എന്ത് ജീവിതം ഇതെന്ന്.

എഴുത്തുകള്‍ അങ്ങനെ അങ്ങനെ സ്നേഹവും, നൊമ്പരവും, വിരഹവും മാറ്റി മാറ്റി പലകാലങ്ങളിലായി ഒരോ ജിജ്ഞാസകള്‍ നിറഞ്ഞതായിരുന്നു. അതായിരുന്നു വേര്‍പാടിന്‍റെ കനല്‍ വഴികള്‍.

"അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറക്കാത്തു" ഇമാം സലാം വീട്ടി. 

മുന്നിലെ വരിയില്‍ നിന്നും വിതുമ്പിക്കൊണ്ട് ഒരാള്‍ മുന്നോട്ടു വന്നു ആ പൈതലിനെ കോരിയെടുത്ത് പുറത്തേക്ക് നടന്നു. എന്‍റെ നാസിക ദ്വാരങ്ങള്‍ അപ്പോള്‍ ഒരു കുഞ്ഞിന്‍റെ വേര്‍പാടിന്‍റെ ഗന്ധം തേടി. ഇല്ല അവിടമാകെ മയ്യിത്തിന്‍റെ മണം.


ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. ഇല്ല ആരുമില്ല. എങ്കിലും ആ വിളി ഞാന്‍ കുറെ നേരമായി കേള്‍ക്കുന്നുണ്ട്. കാലുകള്‍ വിറയ്ക്കുന്നുണ്ട്. മുള്ളില്‍ ചവിട്ടുന്ന വേദന ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. എല്ലാം സഹിക്കാം ഒരല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍. ഇരുട്ടിനെ കീറിമുറിച്ച് നിലാവിന്‍റെ പദന്യാസം അവിടമാകെ പരന്നു. നിലാവില്‍ മാനം നോക്കി അങ്ങനെ കിടന്നു. ശ്വാസോച്ഛ്വാസം ക്രമാതീതമായി കൂടി. ദിക്കറിയാതെ വന്ന ഒരു പൊടിക്കാറ്റ് ഒരു ചുംബനമെന്റെ കവിളില്‍ പകര്‍ന്നു ഒഴുകിപ്പോയി. അപ്പോള്‍ അവിടമാകെ ഒരു സുഗന്ധവ്യഞ്ജനത്തിന്‍റെ ഭ്രമിപ്പിക്കുന്ന ഗന്ധം നിറഞ്ഞു. അതെന്‍റെ മൂക്കിനരികില്‍ വന്നു എന്‍റെ നെറ്റിയില്‍ ചുംബിച്ചു. രണ്ടു തുള്ളി കണ്ണുനീര്‍ എന്‍റെ മുഖത്തേക്ക് വര്‍ഷിച്ചു. വിതുമ്പി വിതുമ്പി അകന്നു പോകുന്ന ആ ഗന്ധം ശ്വസിക്കാന്‍ ഞാന്‍ ശ്വാസം ഉള്ളിലേക്ക് വലിച്ചു കയറ്റി. ആ നിമിഷം എനിക്കൊരു വിചിത്രമായ മണം അനുഭവപ്പെട്ടു.


"മയ്യെത്തെടുക്കാന്‍ നേരമായി" ഒരാള്‍ വിളിച്ചു പറഞ്ഞു.     



No comments:

Post a Comment